ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിന്‍റെ ആസ്ഥാനമായ പാലാ നഗരത്തിൽ നിന്നും 7 കി.മീറ്റർ വടക്കായി 40.19 ച.കി.മി വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ഹരിതഭംഗിയാർന്ന ഒരു ഭൂപ്രദേശമാണ് കടനാട് ഗ്രാമ പഞ്ചായത്ത്. ജനവാസം ആരംഭിച്ച കാലം മുതൽ ഇന്നുവരെയും ഇവിടുത്തെ ജനങ്ങളുടെ തൊഴില്‍ കൃഷിയാണ്.
ഭൂമിശാസ്ത്രപരമായി ഈ പഞ്ചായത്തിന്‍റെ പടിഞ്ഞാറുഭാഗം പൊതുവേ നിരപ്പും ഇതര ഭാഗങ്ങൾ ചെറിയ മലനിരകലും അവയുടെ താഴ്വാരങ്ങളുമാണ്. ഭരണങ്ങാനം, മേലുകാവ്, കരൂര്‍, രാമപുരം, കരിങ്കുന്നം, മുട്ടം എന്നിവയാണ് ചുറ്റുമുള്ള പഞ്ചായത്തുകൾ കടനാട് പഞ്ചായത്ത് പാലാ അസംബ്ലി നിയോജക മണ്ഡലത്തിൽ പെടുന്നു. പഞ്ചായത്തിന്‍റെ മുഖ്യഭാഗം കടനാട് വില്ലേജിലും ഐങ്കൊമ്പു കര വെള്ളിലാപ്പള്ളി വില്ലേജിലും പിഴക് കര രാമപുരം വില്ലേജിലും ഉൾപ്പെട്ടിരിക്കുന്നു.
ചരിത്രം
വന്യജീവി ആവാസകേന്ദ്രമായിരുന്ന ഈ പ്രദേശത്തിന്‍റെ തെക്കുകിഴക്ക് കൊടുമ്പിടിയോടു ചേർന്ന് എടത്തുംകുന്ന് ഭാഗത്ത് A.D ആയിരാമാണ്ടടുത്ത് അധികാരാവകാശങ്ങളോടെ പെരുമാക്കന്മാർ വാണിരുന്നു. ഈ കാലയളവിൽത്തന്നെ ഏതാനും നായർകു ടംബങ്ങളും മറ്റു വിഭാഗങ്ങളിൽപ്പെട്ട ഹൈന്ദവകുടുംബങ്ങളും. കൂടാതെ നിലയ്ക്കൽ. വടക്കൻ പറവൂർ എന്നിവടങ്ങളിൽനിന്നുള്ള ചില ക്രിസ്തീയ കുടുംബങ്ങളും ഇവിടെ കുടിയേറ്റക്കാരായി 'ഇടം' കൊണ്ടിരുന്നതായി പറയപ്പെടുന്നു. വടക്കുംകൂർ രാജവാഴ്ചക്കാലത്ത് തിരു വിതാംകൂറിൻറെ പല പ്രദേശങ്ങളിലും പാണ്ഡ്യരാജാക്കന്മാർ വ്യാപാരത്തിനെത്തിയിരുന്നു. അവർ വന്നിരുന്ന ഒരു താവളം കടനാട് ആയിരുന്നുവെന്ന് പഴമക്കാർ വ്യക്തമാക്കുന്നു. കടനാട് കേന്ദ്രമാക്കി പാണ്ഡികള്‍ കച്ചവടം നടത്തിയിരുന്നതിനാൽ ഈ പ്രദേശം പുറംനാടു കളിലും അറിയപ്പെട്ടിരുന്നു.
സ്ഥലനാമം.
കടനാട് എന്ന സ്ഥലനാമത്തേപ്പറ്റി പല അഭിപ്രായങ്ങൾ കേൾക്കപ്പെടുന്നു. കാട് ആയിരുന്ന പ്രദേശം പാണ്ഡികളുടെ വ്യാപാരകേന്ദ്രമായി മാറിയപ്പോൾ കടകളുടെ നാടായ കടനാട് എന്നായിയെന്നും. കാട് ആയിരുന്ന പ്രദേശം നാടിന്‍റെ രൂപം ആർജ്ജിച്ചപ്പോൾ കടനാട് ആയി എന്നും, കട (ചുവട്,മൂചട്, തുടക്കം) എന്ന ധ്വനി നിലനിർത്തിക്കൊണ്ട് കടനാട് ആയി എന്നും, സമീപസ്ഥലങ്ങളായ അന്തിനാട്, ഉള്ളനാട് അളനാട് തുടങ്ങിയ പേരിനോട് പൊരുത്തപ്പെട്ട് കടനാട് ആയിയെന്നുമൊക്കെ വാമൊഴികളുണ്ട്.